ഒരു രാമേശ്വരം യാത്ര

ധനുഷ്കോടിയ്ക്ക് കിഴക്ക് അരിച്ചൽമുനൈ എന്ന സ്ഥലം വരെ ഇപ്പോൾ റോഡുണ്ട്. അവിടെ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം മണൽക്കാറ്റാണ്. പ്രോപർ പ്രൊട്ടക്ഷൻ ഗിയർ ഇല്ലാതെ dslr പുറത്തെടുത്താൽ പണി പാലുംവെള്ളത്തിൽ കിട്ടുനെന്നതിന് യാതൊരു സംശയവും ഇല്ല. ഫോക്കസ് റിങ്ങിന്റെയോ സൂമിന്റെയോ ഇടയിൽ മണൽ തരി കയറിയാൽ ലെൻസ് ഖുദാഗവാ ആകും എന്നത് കൊണ്ട് ക്രിയകളൊക്കെ കുറവായിരുന്നു. എങ്കിലും ഗോപ്രോ കൊണ്ട് ചില ഫുട്ടേജസും ഫോട്ടോസും എടുത്തു.

ഞാൻ ആദ്യമായാണ് ഇങ്ങനെയുള്ള ഒരു സ്ഥലത്ത് എത്തുന്നത്. വല്ലാത്ത വൈബ് ഉള്ള ഒരു സ്ഥലം തന്നെ. മണ്ണാർ കടലിടുക്കിൽ മാത്രം ഗംഭീര തിരകൾ. ബംഗാൾ ഉൾക്കടൽ ഭാഗത്ത് ഒരു തടാകം എന്ന് തോന്നിക്കും വിധം ശാന്തമായ കടൽ. ഇതിനിടയിലെ മണൽ തിട്ടകളിൽ നിറയെ പടിഞ്ഞാറ് നിന്നുള്ള കാറ്റേറ്റ് സ്വയമേ ഉണ്ടായ മണൽ കൂനകളും, അതിൽ പറ്റി വളരുന്ന ചെറു ക്രീപ്പറുകളും കൗതുകകരമായ കാഴ്ചയായിരുന്നു. കാറ്റേറ്റ് പറക്കുന്ന മണൽ ‘സ്റ്റ്രീമുകൾ’ ഒരു അബ്സ്റ്റ്രാക്റ്റ് പെയ്ന്റിങ് പോലെ ഭംഗിയുള്ളതും.

മണലിൽ കാറ്റെഴുതിയ ചിത്രം

അരിച്ചൽമുനൈ എത്തിയപ്പോൾ തന്നെ ‘ശ്രീലങ്കയിൽ’ നിന്നും എയർടെലിന്റെ ‘ആയൊഭൗൻ’ (സ്വാഗതം) മെസേജ് എത്തി. എഡ്ജ് പോയിന്റിൽ നിന്നും സുമാർ 12 കിലോമീറ്റർ പോയാൽ മന്നാർ/മണ്ണാർ ദ്വീപ് എത്തും. ഇതിനിടയ്ക്ക് കച്ചത്തീവ് എന്ന ആൾപാർപ്പില്ലാത്ത ദ്വീപും ഉണ്ട്. ഇരുട്ടിൽ ശ്രീലങ്കയിലെ കെട്ടിടങ്ങളുടെ വിളക്കുകൾ ഇങ്ങ് കാണാം എന്ന് പറഞ്ഞുകേട്ടു.

64ലെ കൊടുങ്കാറ്റ് നാശം വിതച്ച് പോയിട്ടും ഇന്നും ഈ മുനയിൽ മത്സ്യത്തൊഴിലാളികൾ താമസിക്കുന്നുണ്ട്. അശ്രദ്ധമെന്ന് തോന്നിക്കും വിധം അരിച്ചൽമുനയിലെ മണൽ തിട്ടകളിൽ ചെറിയ നങ്കൂരങ്ങളിൽ കുടുക്കിയിട്ട ഫൈബർ ബോട്ടുകൾ അവിടെ കണ്ടു. അനധികൃതമായി അവിടെ നിന്നും ടൂറിസ്റ്റുകളെ പടക് സവാരിയ്ക്ക് കൊണ്ടുപോകുന്നുണ്ടായിരുന്നു. ശ്രീലങ്കൻ നേവി ഈ ഭാഗത്ത് എത്ര‌പ്രശ്നമുണ്ടാക്കുന്നു എന്ന അറിവില്ലാത്ത നോർത്തിന്ത്യക്കാരായ യാത്രികരാണ് മിക്കവാറും ഈ റിസ്ക് എടുക്കുന്നത്.

അരിച്ചൽമുനയിൽ നിന്നും തിരികെ രാമേശ്വരത്തേക്ക് വരുന്ന വഴിയിലാണ് ഞങ്ങൾ ധനുഷ്കോടി എന്ന പ്രേതനഗരത്തിലെത്തിയത്. അവിടെയുള്ള പള്ളി, അമ്പലം, പഴയ റെയില്വേ സ്റ്റേഷൻ എന്നിവയുടെ ഒക്കെ അവശേഷിപ്പ് പടം പിടിക്കാനുള്ള ശ്രമമായിരുന്നു. പക്ഷെ അവിടെയും മണൽ കാറ്റ് തന്നെ വില്ലനായി എത്തി. ഗോപ്രോ ഉള്ളത് കൊണ്ട് ഒരു ചില നല്ല പടങ്ങൾ കിട്ടി.

രാമേശ്വരം ഒരു ക്യൂരിയസ് കേസ് ആയിട്ടാണ് എനിക്ക് തോന്നിയത്. മുസ്ലിം മെജോരിറ്റി ഉള്ള തമിഴ്നാട്ടിലെ ഒരു ദ്വീപിൽ സന്ദർശകരായി വരുന്ന ഭൂരിഭാഗം ആളുകളും ഹിന്ദി/വടനാട്ട് മൊഴി സംസാരിക്കുന്നവർ ആണ്. അതിലും തമാശയായി തോന്നിയത് അമ്പലത്തിനു ചുറ്റുമുള്ള റെസ്റ്ററന്റുകളുടെ പേര് വളരെ തമാശയായി തോന്നി. ശ്രീ പഞ്ജാബി ഹോട്ടൽ, ശ്രീ രാജസ്ഥാനി ഹോട്ടൽ, ശ്രീ ഗുജറാത്തി ഹോട്ടൽ… ഘർ ജൈസാ ഖാനാ എന്നിങ്ങനെ… പക്ഷെ, അകത്തെ ബോർഡിൽ നോക്കിയാൽ ഇഡ്ലി, ഊത്തപ്പം, പൊറോട്ടയുമൊക്കെ തന്നെ. 

മനസ്സിലാക്കാൻ സാധിച്ചത് നോർത്തിന്ത്യയിൽ തെക്ക് നിന്നുള്ള പുരോഹിതന്മാർക്ക് നല്ല മവുസ്സാണ്. നോർത്തിലുള്ള പുരോഹിതന്മാരും രാമേശ്വരത്തിലുള്ളവരും കൂടിയുള്ള കോക്കസ് ആണ് പിതൃതർപ്പണം/ഹോമം എന്നിങ്ങനെ പരിഹാരക്രിയകൾക്കായി ആളുകളെ ഇവിടെ എത്തിക്കുന്നത്. 

അമ്പലത്തിന്റെ കിഴക്കേ നടയിൽ നിന്നും അല്പം കിഴക്കോട്ട് നടന്നാൽ കടൽ തീരത്ത് എത്താം. ഇവിടെ ബീച്ച് അല്ല. ജസ്റ്റ് ഒരു തടാകം പോലെ കാണാം. അഗ്നിതീർത്ഥം എന്നാണ് ഈ ‘കടവ്’ അറിയപ്പെടുന്നത്. ഈ തീരത്ത് കുറച്ച് നീളത്തിൽ ഒരു മണ്ഡപം കെട്ടിയിട്ടുണ്ട്. അവിടെയാണ് പിതൃ കർമ്മങ്ങൾ ഒക്കെ നടക്കുന്നത്. അതിനു ശേഷം സമുദ്രസ്നാനം ഒരു ചടങ്ങാണ്. സങ്കടമുണ്ടാക്കുന്ന വസ്തുത എന്തെന്നാൽ, ആളുകൾ വസ്ത്ര വിസർജ്ജനം എന്ന വളരെ മോശപ്പെട്ട ഒരു ആചാരം ഇവിടെ നടത്തുന്നു. കർമ്മം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രം ഇവർ കടലിൽ തന്നെ ഉപേക്ഷിക്കുന്നുണ്ട്. വെള്ളം വളരെ‌ മോശമാണ്. കാലെടുത്ത് വെള്ളത്തിൽ വച്ചാൽ തുണിയിലായിരിക്കും ചവിട്ടുക. വളരെ awkward ഫീലിങ് ആണ്.

അല്പം കൂടി മുന്നോട്ട് പോയാൽ ചെറിയ ഒരു മേക്ക്-ഷിഫ്റ്റ് കടല്പാലം ഉണ്ട്. അത് ലൊക്കേഷന് ഒരു മൂഡ് ലിഫ്റ്റ് കൊടുക്കുന്നുണ്ട്.

അമ്പലക്കെട്ടിനുള്ളിൽ മൊബൈൽ/ക്യാമറ/ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും അനുവ്ദിക്കില്ല. അതിനാൽ, ക്യാമറയും ഫോണും തിരികെ റൂമിൽ കൊണ്ട് വച്ചിട്ട്, പടിഞ്ഞാറേ ഗോപുരനട വഴി ഞങ്ങൾ അകത്തുകയറി‌. യേശുദേവൻ ചാട്ടയെടുത്തത് വെറുതെയല്ല എന്ന് തോന്നിപ്പോയി. ദേവാലയത്തിനുള്ളിൽ അത്രയേറെ വ്യാപാരം നടക്കുന്നു. തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം എന്നിവ പോലെ സമചതുര ആകൃതിയിലല്ല രാമേശ്വരത്തെ രാമനാഥ ക്ഷേത്രം. തെക്ക് – വടക്ക് 635 അടി നീളവും കിഴക്ക് – പടിഞ്ഞാറ് 350 ~ അടി നീളവുമേയുള്ളൂ. 

ഒരു ചരിത്ര കുതുകി എന്ന നിലയ്ക്ക് എനിക്ക് സഹിക്കാൻ പറ്റാത്തത് ക്ഷേത്രത്തിലെ ഏറ്റവും പ്രൊമിനന്റ് ആയ കൊറിഡോറിന്റെ ‘പുരാതന’ (ആന്റിക്വിറ്റി) സ്വഭാവം അപ്പാടെ മാറ്റിയിരിക്കുന്നു. ഗ്രാനൈറ്റ് കൊണ്ടുള്ള തൂണുകൾ സിമന്റ് പ്ലാസ്റ്റർ ചെയ്ത്, ഇനാമൽ കൊണ്ട് ചിത്രപ്പണികൾ ചെയ്തിരിക്കുന്നു. 

പലർക്കും അറിയാമായിരിക്കും. എങ്കിലും പറയട്ടെ, രാമേശ്വരത്തെ രാമനാഥക്ഷേത്രം, രാമന്റെ ക്ഷേത്രമല്ല. ശിവനാണ് പ്രതിഷ്ഠ. കൂടെ പർവ്വതവദ്ധിനി അമ്മനും. കഥ പറയുന്നത്, രാമൻ ഇവിടെ വച്ച് ദശരഥനുള്ള ആണ്ട് ബലി/തിഥി നടത്തി ശിവ പൂജ ചെയ്തു എന്നാണ്.

Leave a Reply

Proudly powered by WordPress | Theme: Baskerville 2 by Anders Noren.

Up ↑

%d bloggers like this: