ഇൻസൈറ്റും ചൊവ്വയും തമ്മിൽ

ഇക്കഴിഞ്ഞ തിങ്കളാഴ്ച- നവംബർ 26ആം തിയ്യതി ശാസ്ത്ര ലോകത്ത് ഒരു വൻ കുതിച്ച് ചാട്ടത്തിനുള്ള ‘പിള്ളയാർചുഴി’ നാസ ഇട്ടിട്ടുണ്ട്. ഇൻസൈറ്റ് എന്ന പേടകം ചൊവ്വാ ഗ്രഹത്തിൽ ഇറങ്ങി. ഈ ശാസ്ത്ര സംഭവത്തിന്റെ പ്രസക്തി എന്താണെന്ന് ചെറിയ ഒരു ലേഖനം.

എന്താണ് ഇൻസൈറ്റ്?

ഭൂമിയിൽ നിന്ന് ചൊവ്വയിലേക്ക് ഇതിനു മുൻപും പല പേടകങ്ങളും അയച്ചിട്ടുണ്ട്. അതിൽ ചൊവ്വയുടെ മണ്ണിൽ ഇറങ്ങി പരീക്ഷണങ്ങളും പരിശോധനകളും നടത്തിയവ വളരെ കുറവാണ്. ആ ഗണത്തിൽ ഏറ്റവും പുതിയ ഒരു പേടകമാണ് ഇൻസൈറ്റ്. ഇൻസൈറ്റ് എന്നതിന്റെ പൂർണ്ണ രൂപം: Interior Exploration using Seismic Investigations, Geodesy and Heat Transport എന്നാണ്. പേരിൽ നിന്ന് തന്നെ വ്യക്തമാകുന്നത് പോലെ ചൊവ്വ ഗ്രഹത്തിന്റെ ഉള്ളിൽ എന്ത് നടക്കുന്നു എന്ന് കണ്ടെത്താനാണ് ഇൻസൈറ്റ് പോയിരിക്കുന്നത്. പാത്ത്ഫൈൻഡർ സോജേണർ, ക്യൂരിയോസിറ്റി പോലെ സ്വയം നീങ്ങുന്ന ഒരു പേടകമല്ല ഇൻസൈറ്റ്. മറിച്ച്, ലാൻഡാകുന്ന സ്ഥലത്ത് തന്നെ സ്റ്റേഷനറിയായിരുന്ന് പരീക്ഷണങ്ങൾ നടത്തുന്ന പേടകമാണ് ഇൻസൈറ്റ്.

ഇൻസൈറ്റ് ലാൻഡ് ചെയ്യുന്ന സ്ഥലം. മറ്റ് പേടകങ്ങൾ ലാൻഡ് ചെയ്ത സ്ഥലവും കാണാം.

ഇൻസൈറ്റിന്റെ നാൾവഴി

2018 മെയ് അഞ്ചാം തിയ്യതി വാൻഡെൻബർഗ് എയർബേസിലെ വിക്ഷേപണകേന്ദ്രത്തിൽ നിന്നും അറ്റ്ലസ് വി 401 എന്ന ഹെവി ലോഞ്ച് വെഹിക്കിളിലാണ് ഇൻസൈറ്റ് പുറപ്പെട്ടത്. ഭൂമിയിൽ നിന്നും ചൊവ്വയിലെത്താൻ കേവലം ആറര മാസമാണ് ഈ പേടകം എടുത്തത്. ഇക്കാലം കൊണ്ട് 484 മില്യൺ കിലോമീറ്റർ സഞ്ചരിച്ചു. ചൊവ്വയിലെ ഒരു വർഷമാണ് മിഷൻ കാലാവധി.

മംഗല്യാനിന്റെ യാത്ര

ഇന്ത്യയുടെ മംഗല്യാനിന്റെയും ഇൻസൈറ്റിന്റെയും യാത്രയിലെ ഒരു പ്രധാന വ്യത്യാസം എന്നത് അവയുടെ പാതയാണ്. അറ്റ്ലസിന്റെ അത്രയും ശക്തി ഇല്ലാത്ത പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന റോക്കറ്റിലാണ് മംഗല്യാൻ പുറപ്പെട്ടത്. ഭൂമിയെ തന്നെ പലതവണ വലം വച്ച്, ഭ്രമണപഥത്തിന്റെ അകലം കൂട്ടി ഒരു തെറ്റാലിയിൽ നിന്നും കല്ല് തെറിക്കുന്നത് പോലുള്ള ഒരു സങ്കേതം ഉപയോഗിച്ചാണ് മംഗല്യാൻ ചൊവ്വയിലേക്ക് തെറിച്ചത്. ഇതിനെ ഓർബിറ്റ് റെയ്സിങ് മന്യുവറിങ് എന്ന് പറയുന്നു.

ഇൻസൈറ്റിന്റെ യാത്ര

ഇൻസൈറ്റ് പക്ഷെ അതിശക്തനായ അറ്റ്ലസിന്റെ ചുമലിലാണ് യാത്ര പോയത്.  ഓർബിറ്റ് റെയ്സിങ് ഇല്ലാതെ തന്നെ ചൊവ്വയുടെ ഗുരുത്വവലയത്തിനുള്ളിൽ കൊണ്ട് ചെന്നെത്തിക്കാൻ തക്ക ശക്തിയുള്ള റോക്കറ്റാണത്.

 

ഉദ്ദേശം

ടെറസ്റ്റ്രിയൽ ഗ്രഹങ്ങളുടെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഇൻസൈറ്റിന്റെ ഒരു ദൗത്യം. (സൗരയൂധത്തിലെ ഉള്ളിലെ ആദ്യ നാല് ഗ്രഹങ്ങളെ ടെറസ്റ്റ്രിയൽ അഥവാ റോക്കി പ്ലാനെറ്റ്സ് എന്നും പുറത്തുള്ള നാലെണ്ണത്തെ ഗ്യാസ് ജയന്റ്സ് എന്നും വിളിക്കുന്നു)
ആദികാലത്ത് ഈ റോക്കി പ്ലാനറ്റുകൾ എങ്ങനെ പരിണാമപ്പെട്ടു എന്ന പഠനമാണ് പ്രാധമിക ഉദ്ദേശം. ഇതിനായി പല തരം പരീക്ഷണങ്ങൾക്കുള്ള സൗകര്യം ഈ പേടകത്തിൽ ഉണ്ട്. ചൊവ്വയുടെ ഉപരിതലം – ക്രസ്റ്റ്, മാന്റിൽ, കോർ എന്നിവയുടെ വലിപ്പം അളക്കുക, ആ ഗ്രഹത്തിന്റെ ഉപരിതലത്തിന്റെ ചലനം- പ്ലേറ്റോണിക്ക് മൂവ്മെന്റ്സ് നെ കുറിച്ച് പഠിക്കുക. ചൊവ്വകുലുക്കം (ഭൂമികുലുക്കം എന്ന് പറയാൻ പറ്റില്ലല്ലോ 🙂 ) അതിന്റെ അതിർവ്വുകളെ പറ്റി പഠിക്കുക. ഒരു വർഷത്തിൽ ഏകദേശം 200 ഓളം വരുന്ന ഉൽക്കാപാതങ്ങൾ ചൊവ്വയുടെ ഘടനയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കുക, ഉപരിതലത്തിൽ നിന്നും താഴേക്ക് 5 മീറ്റർ വരെ പോയി ഉഷ്ണ വ്യതിയാനങ്ങൾ അളക്കുക തുടങ്ങി പല വിധ ഉദ്ദേശങ്ങളുമായിട്ടാണ് ഇൻസൈറ്റിന്റെ ചൊവ്വായാത്ര.

ഉപകരണങ്ങൾ

സീസ്മിക്ക് എക്സ്പെരിമെന്റ് ഫോ ഇന്റീരിയർ സ്റ്റ്രക്ചർ (SEIS)

ചൊവ്വഗ്രഹത്തിലുണ്ടാകുന്ന കുലുക്കങ്ങളെ പറ്റി പഠിക്കാൻ ഫ്രഞ്ച്, സ്വിസ്സ് ഏജൻസികളും, മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ സിസ്റ്റം, ഇമ്പീരിയൽ കോളജ്, നാസയുടെ ജെറ്റ് പ്രൊപൽഷൻ ലാബ് എന്നിവ സംയുക്തമായി നിർമ്മിച്ച ഒരു സിസ്റ്റമാണ് സെയ്സ്. നേരത്തെ പറഞ്ഞതുപോലെ, ഉൽക്കാപാതം ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന കുലുക്കം, ചൊവ്വയുടെ ഒരു ഭാഗത്തുനിന്നും മറുഭാഗത്ത് എത്തണമെങ്കിൽ അതിന്റെ മാന്റിൽ, കോർ എന്നീ ഭാഗങ്ങളിലൂടെ കടന്നു പോകണം… അതിനായി ഈ കുലുക്കം എത്ര നേരം യാത്ര ചെയ്താണ് ഉൽകാപാതം നടന്ന സ്ഥലത്തു നിന്നും മറുഭാഗത്ത് എത്തുന്നത് എന്നത് വച്ച് ഗ്രഹത്തിന്റെ ആന്തരിക ഘടന മനസ്സിലാക്കാൻ കഴിയും. ഇതാണ് സെയ്സിന്റെ ഉദ്ദേശലക്ഷ്യം.

ഹീറ്റ് ഫ്ലോ ഫിസിക്കൽ പ്രോപ്പർട്ടീസ് പാക്കേജ് (HP³)

ചൊവ്വയുടെ ഉപരിതലത്തിനടിയിൽ ഉള്ള ഉഷ്ണത്തെ പഠിക്കാനുള്ള സംവിധാനമാണ് എച്പി3. സ്വയം പ്രവർത്തിക്കുന്ന ഒരു ചുറ്റികയും ആണിയും പോലുള്ള സംവിധാനമാണിത്. ഉപരിതലത്തിൽ നിന്നും അഞ്ച് മീറ്റർ താഴെ വരെ കുഴിച്ച്, ഊഷ്മാവ് അളക്കാനുള്ള സെൻസറുകൾ ഇതിനുള്ളിൽ ഉണ്ട്. ‘മോൾ’ എന്ന ചെല്ലപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. ജർമ്മൻ എയ്രോസ്പേസ് സെന്ററും പോളിഷ് ഏജൻസിയുമാണ് ഈ ഉപകരണം നിർമ്മിച്ചത്. ഓരോ പത്ത് സെന്റിമീറ്റർ താഴുമ്പോഴും കൃത്യമായ ഉഷ്ണം രേഖപ്പെടുത്തി ഭൂമിയിലേക്ക് അയക്കും. ഇതുവഴി ചൊവ്വയുടെ പരിണാമത്തിനെ പറ്റി ഗണനം നടത്താൻ സാധിക്കും.

റൊട്ടേഷൻ ആൻഡ് ഇന്റീരിയർ സ്റ്റ്രക്ചർ എക്സ്പെരിമെന്റ് (RISE)

നാസയുടെ ജെറ്റ് പ്രൊപൽഷൻ ലാബ് നയിക്കുന്ന പരീക്ഷണമാണ് റൈസ്. ഒരു എക്സ് ബാൻഡ് റേഡിയോ ഫ്രീക്വൻസി പുറന്തള്ളിക്കൊണ്ട് ചൊവ്വയുടെ ഭ്രമണത്തെ മാർക്ക് ചെയ്യുകവഴി ഗ്രഹത്തിന്റെ മാന്റിലിന്റെയും കോറിന്റെയും ഉള്ളടക്കത്തിനെ പറ്റി പഠിക്കുക എന്ന ഉദ്ദേശമാണ് റൈസിന്റേത്. ഇതിനു മുൻപ് ചൊവ്വ സന്ദർശിച്ച വൈക്കിങ്, മാർസ് പാത്ത് ഫൈൻഡർ എന്നിവയിൽ നിന്നും ശേഖരിച്ച വിവരങ്ങളും കൂടുതൽ കൃത്യതയുള്ള റൈസിൽ നിന്നും കിട്ടുന്ന വിവരങ്ങളെയും സംയുക്തമായി ഉപയോഗിച്ച് കണക്കുകൾ കൂട്ടി ഉദ്ദേശം സാദ്ധ്യമാക്കുന്നതാണ് റൈസ് എന്ന പ്രോഗ്രാം.

ടെമ്പറേച്ചർ ആൻഡ് വിൻഡ്സ് ഫോർ ഇൻസൈറ്റ് (TWINS)

ചൊവ്വയുടെ ഉപരിതലത്തിലെ കാറ്റിനെപറ്റിയും ഊഷ്മാവിനെ പറ്റിയും പഠിക്കുന്ന ഉപകരണമാണ് റ്റ്വിൻസ്. സ്പെയിനിന്റെ ബഹിരാകാശ ഏജൻസിയുടേതാണ്.

ലേസർ റിറ്റ്രോ റിഫ്ലക്റ്റിവ് ഫോർ ഇൻസൈറ്റ് (LaRRI)

ഇൻസൈറ്റ് പേടകം റിട്ടയർ ആയതിനു ശേഷവും പുതിയ പേടകങ്ങളിലിരുന്ന് ഇൻസൈറ്റിനെ കണ്ടെത്താനും അതിലേക്കുള്ള ദൂരമളക്കാനും ഉള്ള ഒരു ഉപകരണമാണ് ലാറി. ഇറ്റാലിയൻ സ്പേസ് ഏജൻസിയാണ് ഇതിന്റെ ആളുകൾ.

ഇൻസ്റ്റ്രുമന്റ് ഡിപ്ലോയ്മെന്റ് ആർം, കാമറ (IDA, IDC)

2.4 മീറ്റർ നീളമുള്ള ഒരു റോബോട്ടിക് കൈ ആണ് ഇൻസ്റ്റ്രുമെന്റ് ഡിപ്ലോയ്മെന്റ് ആം. സെയ്സ്, എച്പി3 എന്നീ ഉപകരണങ്ങളെ പേടകത്തിന്റെ ഉള്ളിൽ നിന്നും പുറത്തെടുത്ത് അതിനെ പ്രവർത്തനസജ്ജമാക്കുക എന്ന ദൗത്യമാണ് ഐഡീഏയ്ക്ക് ഉള്ളത്. ഇതിൽ തന്നെ ഒരു കാമറയും ഉണ്ട്. 1024 x 1024 സൈസിലെ കളർ ഫോട്ടോ എടുത്ത് ഭൂമിയിലേക്ക് അയക്കാൻ കഴിയുന്ന കാമറയാണ് ഐഡീസീ. സെയ്സിന്റെയും എച്പി3യുടെയും അപ്പപ്പഴുള്ള ചിത്രങ്ങൾ ഭൂമിയിലേക്കയക്കാൻ ഇതിനെ ഉപയോഗിക്കും.

ഇൻസ്റ്റ്രുമെന്റൽ കണ്ടക്സ്റ്റ് കാമറ (ICC)

120 ഡിഗ്രീ കാണാൻ കഴിയുന്ന ഒരു കാമറയാണ് ഐസിസി. ഈ കാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇൻസൈറ്റ് റ്റ്വിറ്ററിലും മറ്റും പബ്ലിഷ് ചെയ്യുന്നത്.

മാർക്കോ – Mars CubSat

മാർക്കോ എന്നത് ഇൻസൈറ്റിനുള്ളിലല്ല പക്ഷെ, ഇൻസൈറ്റിന്റെ കൂടെ അറ്റ്ലസ് റോക്കറ്റിലാണ് അയച്ചിട്ടുള്ളത്. രണ്ട് ക്യൂബ്സാറ്റലൈറ്റുകൾ ഉള്ള ഒരു പാക്കേജാണ് മാർക്കോ. ആകെ ഒരു സ്യൂട്ട്കേസിന്റെ അത്ര മാത്രം വലിപ്പമുള്ള ഈ മിടുക്കന്മാർ ചെയ്യുന്നത്, ഇൻസൈറ്റ് ലാൻഡിങ് മോഡ്യൂളിൽ നിന്നും വരുന്ന റേഡിയോ തരംഗങ്ങളെ ആമ്പ്ലിഫൈ ചെയ്ത് ഭൂമിയിലേക്ക് അയക്കുക എന്ന ജോലിയാണ്. ഇവയുടെ അടിയിലെ ഒരു റിസീവിങ് ആന്റനയും മുകളിൽ ഒരു ട്രാൻസ്മിറ്റിങ് ആന്റനയും ആണുള്ളത്. തൽസമയം വിവരങ്ങൾ ഭൂമിയിലേക്ക് അയക്കുന്ന ക്യൂബ്സാറ്റ് ചൊവ്വയുടെ ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിൽക്കുകയാണ് ചെയ്യുന്നത്.

ഉപസംഹാരം

ശാസ്ത്രം അതിന്റെ ഏറ്റവും ബൃഹത്തായ കാല്വയ്പ്പുകൾ നടത്തുന്ന ഈ കാലത്ത് ജീവിക്കാൻ കഴിയുന്നതും അത് തൽസമയം അറിയാൻ കഴിയുന്നതും ആണ് നമ്മുടെ തലമുറയ്ക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം.
അനന്തം അജ്ഞാതം അവർണ്ണനീയം
ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മർത്യൻ കഥയെന്ത് കണ്ടു?

എന്ന കവിതയ്ക്ക് ഇനിയെത്രകാലം പ്രസക്തിയുണ്ടെന്നത് ചിന്ത്യം. എന്നും എന്തെങ്കിലും പുതിയത് കണ്ടെത്തുന്ന നമ്മുടെ ശാസ്ത്രജ്ഞന്മാർക്ക് ഒരു സലാം.

ചിത്രങ്ങൾക്ക് കടപ്പാട്:
വിക്കിപ്പീഡിയ, നാസ.

Leave a Reply

Proudly powered by WordPress | Theme: Baskerville 2 by Anders Noren.

Up ↑

%d bloggers like this: