ലിബ്ര – തടസ്സങ്ങളുമായി ഗവണ്മെന്റ്

ഇക്കഴിഞ്ഞയാഴ്ചകളിൽ ടെക്നോളജി വൃത്തങ്ങളിൽ വളരെയധികം കേട്ട വാക്കാണ് “ലിബ്ര”. ഫേസ്ബുക്ക് പുതുതായി കൊണ്ടുവരുന്ന ഡിജിറ്റൽ കറൻസിയാണ് ലിബ്ര. മാർക്കറ്റിലെ വമ്പന്മാരുടെ പിന്തുണയോടെ ആദ്യ ചുവട് വയ്ക്കാൻ ഒരുങ്ങി വന്ന ലിബ്രയ്ക്ക് പക്ഷെ തൽക്കാലം കടിഞ്ഞാണിടാനാണ് യു എസ് പ്രതിനിധി സഭ തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ കൂടിയ സഭ, മാർക്ക് സുക്കർബെർഗ്ഗിനും ഈ കറൻസിയുടെ മറ്റ് സംരംഭകർക്കും ലിബ്രയുടെ ഇമ്പ്ലിമെന്റേഷൻ താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർദ്ദേശം കൊടുത്തുകൊണ്ട് കത്ത് നൽകി.

കത്ത് കൈപ്പറ്റിയ ഉടൻ ഫേസ്ബുക്കും കൂട്ടരും ലിബ്ര ഇമ്പ്ലിമെന്റേഷൻ നിർത്തി വയ്ക്കാനും, യു എസ് ഫിനാൻസ് റെഗുലേറ്ററുകളും കോൺഗ്രസ്സും ലിബ്രയുടേ വരും വരായ്കകൾ വിലയിരുത്തി ഒരു തീരുമാനം അറിയിക്കുന്നത് വരെ മറ്റ് ഡെവലപ്മെന്റുകൾ നിർത്താനും ഉത്തരവായി.

ഈ ംമൊറട്ടോറിയം നിലനിൽക്കുമ്പോൾ ഫേസ്ബുക്കിനെ പബ്ലിക്ക് ഹിയറിങ്ങിന് വിളിക്കുകയും, ഈ കറൻസി ഇറക്കാൻ നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് ആരായുകയും ചെയ്യും.

എന്തുകൊണ്ട് ലിബ്രയ്ക്ക് തടയിടുന്നു?

ലിബ്ര വിജയകരമായി പ്രവർത്തനമാരംഭിച്ചാൽ നിലവിലെ ലോക സമ്പദ്ഘടനയെ അത് സാരമായി ബാധിക്കും. ഡിജിറ്റൽ കറൻസികൾ വരുന്നത് വരെ പണം ഇറക്കിയിരുന്നതും അതിന്റെ പ്രചാരം നിയന്ത്രിക്കുന്നതും ഭരണകൂടങ്ങളോ ഭരണകൂടങ്ങളാൽ നിയന്ത്രിതമായ ബാങ്കുകൾ മുഖേനയോ ആയിരുന്നു. എന്നാൽ ഡിജിറ്റൽ കറൻസികൾ ഇറക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളാണ്. അതിലും ലിബ്ര വേറിട്ട് നിൽക്കുന്നത്, ഇത് ആദ്യമായി വീസ, മാസ്റ്റർകാർഡ്, ഊബർ തുടങ്ങി സർവ്വദേശ അളവിൽ ഓപ്പറേഷൻസ് ഉള്ള വലിയ കോർപ്പറേറ്റുകൾ ഇതിനെ ബാക്ക് ചെയ്യുന്നു എന്നതിനാലാണ്.

നിലവിലെ ഏത് പണം കൊടുത്തും ലിബ്ര വാങ്ങാൻ കഴിയും. അങ്ങനെ വരുമ്പോൾ, മാർക്കറ്റിലെ പണം വലിയ തോതിൽ ഈ കോർപ്പറേറ്റുകളുടെ കൈകളിൽ മാത്രമായി ഒതുങ്ങും. ലിബ്രയുടെ വില സന്തുലിതപ്പെടുത്താനായി സാധാരണ പണം കരുതൽ ധനമായി – ഡെഡ് മണിയായി സൂക്ഷിക്കേണ്ടിയും വരും.

ആർക്കു വേണമെങ്കിലും ലിബ്രയെ ഫോണിൽ സ്റ്റോർ ചെയ്ത് വയ്ക്കാൻ കഴിയുകയും കടകളിലും ഓൺലൈൻ സ്റ്റോറുകളിലും ഉപയോഗിക്കാനും കഴിയും. ദൈനംദിന കാര്യങ്ങൾക്ക് ലിബ്ര മതിയെന്ന അവസ്ഥയിൽ എത്താം. ശതകോടിക്കണക്കിന് ആളുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്ത മൂന്നാം ലോകരാഷ്ട്രങ്ങളിൽ ഫോണുകളിൽ പണം സൂക്ഷിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക തകർച്ച ഭീകരമാകും. മൂന്നാം ലോകരാഷ്ട്രങ്ങളിൽ ഫ്രീ ഇന്റർനെറ്റ് നൽകുന്നതിൽ മുമ്പൻ ഇതേ ഫേസ്ബുക്കാണെന്നതും മറക്കണ്ട. അത് കൊണ്ടെന്താ എന്ന ചോദ്യത്തിന്…

ഫേസ്ബുക്കിന്റെ ഇത് വരെ ഉള്ള ട്രാക്ക് റെക്കോഡ് തന്നെ കാരണം. 2016 തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പുറത്ത് വന്ന “കേംബ്രിഡ്ജ് അനലിറ്റിക്ക” എന്ന കമ്പനിയുമായി ഫേസ്ബുക്ക് നടത്തിയ സ്വകാര്യ വിവരം ചോർത്തി എന്ന കേസ് തന്നെ പ്രധാന കാരണം.

എന്നാൽ അതിനെക്കാൾ യുഎസ് ഗവണ്മെന്റ് ഭയക്കുന്ന ംമറ്റൊരു കാരണം, ഈ കറൻസിയെ ബാക്ക് ചെയ്യുന്ന “സ്വിസ്സ് അസോസിയേഷൻ” കമ്പനികളെ ആണ്. അവർ വിചാരിച്ചാൽ അമേരിക്കൻ സമ്പദ്ഘടനയ്ക്ക് സാരമായ പരിക്ക് ഉണ്ടാക്കാൻ കഴിഞ്ഞേക്കും.

ലോകത്തിന്റെ തന്നെ റിസർവ്വ് കറൻസിയായി തൽക്കാലം വർത്തിക്കുന്നത് യു എസ് ഡോളറുകൾ ആണ്. ലിബ്ര സക്സസ് ആയാൽ, ഡോളറിൽ നിന്നും ലിബ്രയിലേക്ക് റിസർവ്വ് കറൻസി ആയാൽ, യു എസ്സിന്റെ IOU വാങ്ങാൻ ആളില്ലാതെ വരും. കാരണം, ഈ കടപ്പത്രങ്ങളിന്മേലാണ് യു എസ് എന്ന ദന്തഗോപുരം നിൽക്കുന്നത് തന്നെ.

ഫലത്തിൽ യുഎസ് ഡോളറും ലിബ്രയും തമ്മിലാകും മൽസരം. ഇതില്പരം നല്ല ഒരു കാരണം വേണോ യുഎസ്സിന് ലിബ്രയെ മുളയിലേ നുള്ളാൻ?!

ലിബ്രയുടെ മറ്റൊരു നീക്കമെന്ന് പറയുന്നത്, “ഉപയോക്താക്കളിൽ നിന്നും കിട്ടുന്ന പണം കൊണ്ട് യുഎസ് കടപ്പത്രങ്ങൾ വാങ്ങി സഹായിക്കുക” എന്നതാണ്.

അതായത്, യുഎസ് ട്രെഷറികൾ വിലക്കെടുക്കാം… എന്നാൽ, കിട്ടുന്ന പണം എന്ത് ചെയ്യണമെന്ന് ഈ പാർട്ട്ണേസിന് തീരുമാനിക്കാം. കടപ്പത്രങ്ങളോ ഡോളറോ വാങ്ങാതിരിക്കുകയും ചെയ്യാം. മൊത്തത്തിൽ, ലിബ്ര എങ്ങാനും സക്സസ് ആയാൽ, അവരുടെ ചൊൽപ്പടിക്ക് നിൽക്കേണ്ടി വരും യുഎസ് ഗവണ്മെന്റിന്. തദ്വാരാ, ലോകത്തിന്റെ വലിയ ഒരു ഭാഗത്തെ നിയന്ത്രിക്കാൻ ഒരു പ്രൈവറ്റ് കോർപ്പറേറ്റിന് സാധിക്കും.

ലിബ്ര പ്രചാരത്തിലായാൽ എന്ത് സംഭവിക്കും എന്നത് വലിയ ഒരു അനിശ്ചിതത്വമാണ്. അതിന് കടിഞ്ഞാണിടാൻ ഗവണ്മെന്റുകൾ കഴിയുന്നതെല്ലാം ചെയ്യും.

അമേരിക്ക പോലൊരു രാജ്യത്ത് ഒരു പ്രൈവറ്റ് കമ്പനിയുടെ പ്രോജക്റ്റ് എങ്ങനെ നടത്തണം എന്ന് തീരുമാനിക്കാൻ സർക്കാരിന് കഴിയില്ല. എസ്പെഷലി, ഡിജിറ്റൽ കറൻസി എന്ന ഈ വിഷയത്തിൽ. കാരണം, ഫേസ്ബുക്ക് ചെയ്യുന്നത് ഇല്ലീഗൽ ആയ ഒരു പ്രൊജക്റ്റ് അല്ല. അതിനാൽ തന്നെ, യു എസ് ഗവണ്മെന്റ് ഫേസ്ബുക്കിനെ വരുതിയ്ക്ക് നിർത്താൻ വേണ്ടത്ര തടസ്സങ്ങളും മുടക്കുകളും സൃഷ്ടിക്കും എന്നേയുള്ളൂ.

Leave a Reply

Proudly powered by WordPress | Theme: Baskerville 2 by Anders Noren.

Up ↑

%d bloggers like this: